Hot Posts

6/recent/ticker-posts

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു ; 3 ജില്ലകളിൽ ജാഗ്രത’



കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു.  കോഴിക്കോട് ഞായറാഴ്ച രാവിലെ മരിച്ച 12 വയസ്സുകാരനിലാണു രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആദ്യ സ്രവ പരിശോധനാഫലത്തില്‍ നിപ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞു. കുട്ടിയുടെ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. കുട്ടിയുമായി അടുത്ത് ഇടപെട്ട ആർക്കും രോഗലക്ഷണമില്ല.

ശനിയാഴ്ച രാത്രിതന്നെ ഉന്നതതലയോഗം ചേര്‍ന്ന് ആക്‌ഷന്‍ പ്ലാന്‍ തയാറാക്കി. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയും തയാറാക്കിയിട്ടുണ്ട്. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രത വേണമെന്നും. ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണു നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും അയല്‍വാസികളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രത്യേക മെഡിക്കല്‍ സംഘവും കേന്ദ്രസംഘവും കോഴിക്കോട്ട് എത്തും.
 തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.  വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പോലീസ് അടച്ചിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പ്രദേശത്തുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂർ, മുന്നൂര്, ചിറ്റാരിപ്പിലാക്കിൽ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പഞ്ചായത്ത് മുഴുവൻ കർശന നിയന്ത്രണത്തിലാണ്.രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. സമ്പര്‍ക്ക പട്ടിക ഇന്നലെ രാത്രി മുതല്‍ തന്നെ തയ്യാറാക്കിവരികയാണെന്നും  മന്ത്രി അറിയിച്ചു. മാവൂര്‍ മുന്നൂര്‍ സ്വദേശിയായ 12 വയസുകാരനാണ് ഇന്ന് പുലര്‍ച്ചയോടെ നിപ ബാധിച്ച് മരിച്ചത്.

തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം  ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡി​ഗ്രി പനിയുണ്ടായിരുന്നു . മസ്തിഷ്‌കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാക്ക് സംശയം തോന്നിയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി തന്നെ ഫലം ലഭ്യമായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് ഇന്നാണ് സ്ഥീരികരിച്ചത്. കോഴിക്കോട്ടെ മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ആരോഗ്യ വിദഗ്ദ്ധരും ചേര്‍ന്ന് ഇന്നലെ തന്നെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ നേരിടാന്‍ ഒരു കര്‍മ പദ്ധതി തയ്യാറായിക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.





Reactions